2021 ജൂലൈ 17, ശനിയാഴ്‌ച

 .ചെക്കോവ് ഇങ്ങനെയാണ് ജീവിച്ചത്. 


ടഗൻറോഗ്  പട്ടണത്തിന്റെ  ദരിദ്രമായ പശ്ചാത്തലത്തിലുള്ള  വീടുകളെപ്പോലെ ചെക്കോവ് ഭവനവും  തകരം കൊണ്ടുണ്ടാക്കിയ  മേൽപ്പുരയുള്ള ഒറ്റനിലയുള്ള വീടായിരുന്നു .വീടിനോട് ചേർന്ന് അപ്പൻ പാവേൽ ഒരു പീടിക നടത്തി . അതായിരുന്നു ആ കുടുംബത്തിന്റെ വരുമാനമാർഗം. ആട്ടിൻ  

കൊഴുപ്പുകൊണ്ടുള്ള മെഴുകുതിരിയും മണ്ണെണ്ണചിമ്മിനിയുംപലചരക്കും ചെരിപ്പും വോഡ്കയും വിറ്റിരുന്ന കടയിൽ നിന്ന് പാൽക്കട്ടിയുടെയും ഉണക്കമീനിൻെയും മണം സദാ പ്രസരിച്ചു . തൊട്ടപ്പുറത്തെ മുറിയിലായിരുന്നു വോഡ്ക സൂക്ഷിച്ചിരുന്നത് .അതിന്റെ പരുഷഗന്ധം മറ്റു സാമാനങ്ങളുടെ ഗന്ധത്തിൽ നിന്ന് വേറിട്ട് സഞ്ചരിച്ചു.


.

കക്കൂസും കുളിമുറിയും  ഉപയോഗിച്ച് അവിടത്തുകാർക്ക്  ശീലമില്ലായിരുന്നു . പിന്നാമ്പുറത്തെ വയൽ ആയിരുന്നു വെളിക്കിറങ്ങുന്ന ഇടം. കുറെ ആളുകൾക്ക് ഒരുമിച്ചു കുളിക്കാനുള്ള  കുളിപ്പുരയാണ് കഴുകാനും കുളിക്കാനുമുള്ള സ്ഥലം .ഒറ്റനില വീട്ടിലെ  ഹാളിൽ    തട്ടികകൾ കൊണ്ട് മറചുണ്ടാക്കിയ അറകളിലായിരുന്നു അപ്പന്റെയും അമ്മയുടെയും  മക്കളുടെയും  ഉറക്കം .പത്രങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിലായിരുന്നു ചെക്കോവിന്റെ ഉറക്കം .സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ആന്റണും അനിയന്മാരും മാറി മാറി കടയിലെ കാര്യങ്ങൾ നോക്കണം എന്നൊരു ഉപാധി അപ്പൻ ആജ്ഞാപിച്ചു .തൂക്കത്തിൽ വെട്ടിപ്പ് നടത്തിയിരുന്ന വിരുതന്മാരായിരുന്നു കടയിൽ പണിക്ക് നിന്നിരുന്ന പിള്ളേർ .വർഷങ്ങൾക്കുശേഷം വലിയ എഴുത്തുകാരനായി ധനസ്ഥിതി മെച്ചപ്പെട്ടപ്പോൾ ചെക്കോവ് പണ്ട് കടയിൽ നിന്നിരുന്ന സമപ്രായക്കാരനായ ഒരുത്തന്റെ മകളെ പഠിപ്പിക്കാനുള്ള ധനസഹായം നൽകി.


വേനലിനൊപ്പം ഈച്ചകൾ പീടികയുടെ  എണ്ണമയമുള്ള  കൗണ്ടറിൽ വന്ന് ആർത്തുവിളിക്കും .എലികൾക്ക് ക്ഷാമമില്ലായിരുന്നു .അവ പീടികക്കുള്ളിൽ ഓടിക്കളിക്കും. Oഒരു ദിവസം ഒരെലി എണ്ണ ഭരണിയിൽവീണ് മുങ്ങിമരിച്ചു ..അപ്പൻ പാവേൽ ദയാപൂർവം എലിയെ എടുത്തുകളഞ്ഞു .പിന്നീട് പള്ളീലച്ചനെ വിളിച്ചുകൊണ്ടുവന്ന്എണ്ണ പവിത്രമാക്കിച്ചു .ഇക്കാര്യം ചെക്കോവ് ഒരിക്കൽ ഇവാൻ ബുനിനോട് പറഞ്ഞു.ബുനിൻ ചിരിച്ചെങ്കിലും ആന്റൺ ചിരിച്ചില്ല. 


അപ്പൻ പാവേൽ ഏകാധിപനായിരുന്നു ,മതാനുഷ്ടാനങ്ങൾ  മക്കളിൽ അടിച്ചേൽപ്പിക്കുമായിരുന്നു,  അയാൾ. സമയം കളയുന്ന മട്ടിൽ വെറുതെയിരിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ എപ്പോഴും ദൈവങ്ങളുടെ ചിത്രംവരയായിരുന്നു പവേലിന്റെ ഇഷ്ടപ്പണി .നിക്കോളോയ് എന്ന മകന് പവേലിന്റെ ചിത്രമെഴുത്ത് താല്പര്യം പാരമ്പര്യമായി കിട്ടിയിരുന്നു , മരിയഎന്ന ചെക്കോവ് സഹോദരിക്കും ചിത്രമെഴുത്തിനോട് താല്പര്യമുണ്ടായിരുന്നു ,അവൾ പിന്നീട് ചിത്രകലാധ്യാപികയായി .അപ്പൻ കുട്ടികളെ പള്ളിയിലെ ഗായകസംഘത്തിൽ പാടാൻ തെളിച്ചുകൊണ്ടുപോകുമായിരുന്നു അപ്പൻറെ മതാനുഷ്ടാനപ്രേമം കുട്ടികളെ ഭയപ്പെടുത്തി .ഈസ്റ്റർ ഈവ്   എന്ന കഥയിൽ ഈ പള്ളി അനുഭവങ്ങളെ മുൻനിർത്തിയുള്ള പ്രമേയമാണ്  ചെക്കോവ് ഉപയോഗിച്ചിരിക്കുന്നത്

ഷേക്സ്പിയർ ആൻഡ് കമ്പനി

 ഷേക്സ്പിയർ ആൻഡ് കമ്പനി 


ഇംഗ്ലീഷിൽ വലിയ വെളുത്ത അക്ഷരങ്ങളിൽ ഷേക്സ്പിയർ ആൻഡ് കമ്പനി എന്നെഴുതിയത് ഹെമിങ്‌വേ യുടെ കണ്ണിൽ പെട്ടു .കഴിഞ്ഞ മൂന്ന് ദിവസമായി അയാൾ അത് അന്വേഷിച്ചു നടക്കുന്നു.ഗെർട്രൂഡ് പറഞ്ഞപ്പോൾ ഇത്ര വലിയ സ്ഥാപനമാണിതെന്ന് അയാൾ വിചാരിച്ചില്ല .


ഗോവണിയുടെ ആദ്യത്തെ പടി തന്നെ അതിന്റെ പഴക്കം സൂചിപ്പിച്ചുകൊണ്ട് ശബ്ദിച്ചു .പഴയ മരപ്പലകയും ഇരുമ്പാണിയും ചേർന്നുകൊണ്ട് കരയുന്ന ശബ്ദം ഓരോ പടി കയറുമ്പോളും അയാളെ അനുഗമിച്ചു .ഏറ്റവും മുകളിലെ പടിയിലെത്തിയപ്പോൾ അയാൾ അകത്തേക്ക് നോക്കി .പുസ്തകങ്ങൾ നിറച്ച അലമാരികളുടെ പാർശ്വ ദൃശ്യം അയാൾ കണ്ടു .


അകത്തേക്ക് കടന്നു ചെന്നപ്പോൾ വലതുവശത്ത്  ഏറ്റവും അറ്റത്തുള്ള ഡെസ്കിനു പിന്നിൽ ഇരിക്കുന്ന സ്ത്രീയെ അയാൾ കണ്ടു .ഇതായിരിക്കും  സിൽവിന ;ഗെർട്രൂഡ് പറഞ്ഞ സ്ത്രീ .


"ബിയൻ വെ നു  മോൻ അമി  ") (welcome my friend)  " എഴുന്നേറ്റ് നിന്നുകൊണ്ട് അവൾ  പറഞ്ഞു


"മേഴ്‌സി(thanks ) " അയാൾ പ്രതിവചിച്ചു 

"ഞാൻ ഏണെസ്റ് ഹെമിങ്‌വേ .ഗെർട്രൂഡ് സ്റ്റെയിൻ പറഞ്ഞിട്ട് വരുവന്നതാണ് .സിൽവിയ :?"


"സിൽവിയ ഞാൻ തന്നെ , ഗെർട്രൂഡ് സൂചിപ്പിച്ചിരുന്നു , നിങ്ങൾ വരുമെന്ന്."

അവൾ പുഞ്ചിരിച്ചു.


"നിങ്ങൾ കഥകൾ എഴുതിയിട്ടുണ്ടെന്ന് ഗെർട്രൂഡ് പറഞ്ഞു " പരിചയം കൂടുതൽ വ്യക്തമാക്കുന്ന മട്ടിൽ അവൾ തുടർന്നു.


"ഉണ്ട് .അത് കൻസാസ് സിറ്റി സ്റ്റാർ പുസ്തകമാക്കാമെന്ന് പറഞ്ഞിട്ടുണ്ട്"  .അയാൾ പറഞ്ഞു 


ജിനിയേലെ ! (great) അവൾ അനുമോദിച്ചു 


"എനിക്ക് കുറച്ചു പുസ്തകങ്ങൾ വായിക്കാൻ വേണം ."അയാൾ കാര്യം പറഞ്ഞു 


"ശരി"


"പക്ഷെ,എൻറെ കയ്യിൽ ഇപ്പോൾ പണം തരാനില്ല "


 സിൽവിന പുഞ്ചിരിച്ചു .ഇപ്പോഴാണ് അവൾ സുന്ദരിയാണെന്ന വസ്തുത ഹെമിങ്‌വെ  ചിന്തിച്ചത് .പുഞ്ചിരി മായ്ക്കാതെ രണ്ടുമൂന്ന് നിമിഷങ്ങളുടെ ഇടവേളക്കുശേഷം അവൾ പറഞ്ഞു .


"നിങ്ങൾ ആവശ്യമുള്ള പുസ്തകങ്ങൾ എടുത്തുകൊള്ളൂ .വായിച്ചു തിരികെ കൊണ്ട് വരുമ്പോൾ രെജിസ്ട്രേഷൻ ഫീയും പുസ്തകങ്ങളുടെ വാടകയും തന്നാൽ മതി ."


ഇത് പറയുമ്പോഴും അവൾ പുഞ്ചിരി മായ്ച്ചില്ല.


ദസ്തയേവ്സ്കിയുടെ വെളുത്ത രാത്രികൾ അടങ്ങുന്ന കഥാസമാഹാരവും ടോൾസ്റ്റോയിയുടെ അന്നകരെനീനയും അയാൾ എടുത്തു . 


 കോൺസ്റ്റന്റ് ഗാർനെറ്റിന്റെ  പരിഭാഷയായിരുന്നു അയാൾക്കിഷ്ടം. അതിനാൽ അത് പ്രത്യേകം മനസ്സിൽ വെച്ചുകൊണ്ടാണ് അയാൾ പുസ്തകങ്ങൾ തിരഞ്ഞത് .


"പുതിയ പുസ്തകങ്ങൾ ഏതെങ്കിലും ?"

അയാൾ ചോദിച്ചു.


അതിനു മറുപടിയായി അവൾ രണ്ടു പുതിയ പുസ്തകങ്ങൾ  താഴെയുള്ള മേശപ്പുറത്തുനിന്നെടുത്ത്  അയാളുടെ മുന്നിലേക്ക് നീക്കിവെച്ചു .മിഖയിൽ ബുൾഗാക്കോവ് .ഷെർവുഡ് ആൻഡേഴ്സൺ ഈ റഷ്യക്കാരന്റെ പേര് ഒരിക്കൽ പറഞ്ഞത് അയാൾ ഓർത്തു .ഹാർട്ട് ഓഫ് എ ഡോഗ് . അയാൾ പുസ്തകത്തിന്റെ പേര് നിശ്ശബ്ദം വായിച്ചു.


"ഞാൻ ചോദിച്ചെന്നേയുള്ളു .ഈ രണ്ടു പുസ്തകങ്ങൾ വായിചു തിരിച്ചു തരുമ്പോൾ അത് എടുക്കാം"

 .അയാൾ പറഞ്ഞു .


 "പുസ്തകങ്ങൾ സാവകാശം വായിച്ചു തിരിച്ചു തന്നാൽ മതി .വാടക മുൻ‌കൂർ തരാത്തതുകൊണ്ട് തിടുക്കപ്പെട്ട് വായിച്ചു മടക്കിത്തരേണ്ട."സിൽവിയ സുന്ദരി പറഞ്ഞു .


പുസ്തകങ്ങൾ രജിസ്റ്റർ ചെയ്തശേഷം അതിൽ ഒപ്പിടാൻ അവൾ

ഹെമിങ്‌വേയുടെ മുന്നിലേക്ക്നീക്കിവെച്ചു .അതിലുണ്ടായിരുന്ന പെൻസിൽ കൊണ്ട് അയാൾ അതിൽ ഒപ്പിട്ടു.

 

പുസ്തകങ്ങളെടുത്തു മടങ്ങാൻ നേരം അയാൾ ഒന്ന് ശങ്കിച്ചു .പിന്നെ അവളുടെ മുഖത്തേക്ക് നോക്കി അല്പം സന്ദേഹത്തോടെ അയാൾ ചോദിച്ചു .


"ജോയ്‌സ് ഇവിടെ വരാറുണ്ടെന്ന് പറഞ്ഞുകേട്ടു, എപ്പോഴാണ് അയാൾ വരാറുള്ളത് ."


"വൈകുന്നേരം ആറുമണിയാകുമ്പോളാണ് പതിവ്  .


"അപ്പോൾ ഈ ലൈബ്രറി അടക്കുന്നതെപ്പോൾ ?" അയാളുടെ ചോദ്യത്തിനോട് 

അവൾ പുഞ്ചിരിച്ചു .

 "അടപ്പു സമയം എട്ടുമണിയാണ് .ചിലപ്പോൾ ജോയ്സും കൂട്ടുകാരും തമ്മിലുള്ള സംവാദം നീണ്ടുപോയാൽ അത്രയും നേരം തുറന്നിരിക്കും." പിന്നെ ചെറിയൊരു ഇടവേളക്കുശേഷം അവൾ  കൂട്ടിച്ചേർത്തു  "നിങ്ങൾ അന്വേഷിച്ചുവെന്ന് ഞാൻ ജോയ്സിനോട്  പറയാം . "


"മേഴ്‌സി "

അയാൾ അവൾക്ക് ഒരിക്കൽ കൂടി    നന്ദി    പറഞ്ഞശേഷം പുസ്തകങ്ങളുമായി പുറത്തേക്കിറങ്ങി .

അയാൾ ഇറങ്ങുമ്പോൾ ഗോവണിപ്പടികൾ വീണ്ടും കരഞ്ഞു .

വായനയെ നിരീക്ഷിക്കുകയാണ്, ബോർഹെസ്

 വായനയെ നിരീക്ഷിക്കുകയാണ്, ബോർഹെസ് 


ഷേക്സ്പിയറുടെ ഒരു വരി വായിക്കുമ്പോള്‍ വായനക്കാരന്‍ ഷേക്സ്പിയറായി മാറുന്നു. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും വായിക്കുമ്പോള്‍ നമ്മള്‍ അതിലെ നായകന്‍റെ രൂപം ധരിക്കുന്നു. ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും വായിക്കുന്നവന്‍ റാസ്കല്‍ നിക്കോഫ് ആയി വേഷപ്രച്ഛന്നം ചെയ്യുന്നു. ഇതാണ് വായനയുടെ മനശ്ശാസ്ത്രമെന്ന് ബോര്‍ഹെസ്. എഴുത്തുകാരന്‍ വായനക്കാരന്‍റെ പ്രജ്ഞയെ അധിനിവേശിക്കുന്നു. വായനക്കാരന്‍ അവന്‍റെ സ്വത്വത്തില്‍ നിന്ന് മോചിതനാകുന്നു. സംഭോഗത്തിന്‍റെ ആനന്ദമൂര്‍ച്ഛ നല്‍കുന്ന നിര്‍വ്വാണഘട്ടത്തില്‍ മനുഷ്യരെല്ലാം ഒരുപോലെയാണെന്ന് ബോര്‍ഹെസ് ഫിക്ഷന്‍സ് എന്ന കൃതിയില്‍ പറയുന്നു. പൊതുവേ ബോര്‍ഹെസ് കൃതികളില്‍ പ്രകടമായി പ്രത്യക്ഷപ്പെടാത്ത ലൈംഗികത ഇവിടെ നമ്മുടെ സമൂഹത്തിന്‍റെ മുഖപടം വലിച്ചെറിയുന്നു. നമ്മള്‍ ആദവും ഹവ്വയുമായി തീരുന്നു. ഷേക്സ്പിയറുടെ വരികള്‍ ഉദ്ധരിക്കുന്നവര്‍ ഷേക്സ്പിയറായി തീരവേ ഷേക്സ്പിയര്‍ ആരുമല്ലാതായിത്തീരുന്നു. യഥാര്‍ത്ഥത്തില്‍ ആരും ആരുമല്ല. ആര്‍ക്കും ആരുമായിത്തീരാം. ഏതു സമയത്തും അങ്ങനെ ആയിത്തീരാം. ഇത് ബോര്‍ഹെസ് സ്ഥാപിച്ച സിദ്ധാന്തമാണ്. താനാരാണെന്ന് ഒരാള്‍ക്കുമറിയില്ല. ആരും ആരുമല്ല എന്നാണ് സിറ്റിസണ്‍ കെയിന്‍ എന്ന വിഖ്യാത ഓര്‍സണ്‍ വെല്‍സ് സിനിമയെക്കുറിച്ച് നിരൂപിക്കുന്നതിനിടെ ബോര്‍ഹെസ് പരാമര്‍ശിച്ചത്. വായനയും സംയോഗവും നടക്കുന്നേരം നമ്മള്‍ നമ്മുടെ അനാമികമായ അജ്ഞാതമായ സ്വത്വത്തിലേക്ക് അലിഞ്ഞുപോകുന്നു. ബോര്‍ഹെസ് നിരൂപിച്ച വായനയുടെ മാനസികപ്രക്രിയ.

ഒരു കഥാപാത്രം എങ്ങനെ പൊടുന്നനെ തന്‍റെ എതിരാളിയാകുന്നുവെന്ന് പറയുന്ന ബോര്‍ഹെസ് എങ്ങനെ വായനക്കാരന്‍ ഒരു കഥാപാത്രമാകുന്നുവെന്നു കണ്ടെത്തുന്നു. ധര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍  (The theologists) എന്ന കഥയാകട്ടെ അതിനുള്ള ഉദാഹരണം. ഈ കഥ അവസാനിക്കുന്നത് സ്വര്‍ഗ്ഗത്തിലാണ്. അവിടെ ദൈവത്തിന് ധര്‍മ്മശാസ്ത്രകലഹങ്ങളെ അവഗണിക്കാനാവുന്നില്ല. അവിടെ ഓറീലിയന്‍ എന്ന കഥാപാത്രവും അയാളുടെ ശത്രു ജോണും ആശയക്കുഴപ്പത്തിലകപ്പെടുന്നു. പ്രതിഷ്ഠയുടെ ആഴമളക്കാനാവാത്ത ദൃഷ്ടികളില്‍ താനും ജോണും ഒരൊറ്റ മനുഷ്യന്‍തന്നെയെന്ന് ഓറീലിയന്‍ തിരിച്ചറിയുന്നു. പ്രകടമായ എല്ലാ ഭിന്നതകള്‍ക്കുമപ്പുറം മനുഷ്യന്‍ ഒരൊറ്റ വ്യക്തിയാണെന്ന്, അഥവാ അവനാരുമല്ലെന്ന് ബോര്‍ഹെസ് നിര്‍വ്വചിക്കുന്നു. സാഹിത്യമെല്ലാംതന്നെ രചിക്കപ്പെടുന്നത് അനേകനാമികളായ വ്യക്തികളാലാണെന്ന്, മനുഷ്യാത്മാവെന്ന ശക്തിയാലാണെന്ന് ബോര്‍ഹെസ് നിരീക്ഷിക്കുന്നു. ഇതിന് പോള്‍ വലേറിയെ ബോര്‍ഹെസ് കൂട്ടുപിടിക്കുന്നു. വായനക്കാരനെപ്പോലെ എഴുത്തുകാരനും അനാമിയാണെന്ന്, അജ്ഞാതനാണെന്ന് ബോര്‍ഹെസ് വിശ്വസിക്കുന്നു. വായനക്കാരും എഴുത്തുകാരും വാക്കുകളായി പരിണമിക്കുന്നു. അത് വ്യക്തിരൂപത്തെ നിഷേധിക്കുന്നു. ഭാഷയാണ് നമ്മെ എഴുതുന്നത്, നമ്മുടെ സവിശേഷതയെ അത് തിരസ്കരിക്കുന്നു.

2021 ജൂലൈ 15, വ്യാഴാഴ്‌ച

കർദിനാളിന്റെ ഓഫീസ്

 പാരീസിൽ ഇനി തുടരുന്നതിൽ അർത്ഥമില്ലെന്ന് ഫിയോഡോറിന് തോന്നി .പോളിന അതിനു വിരോധം പറഞ്ഞില്ല .  ഇറ്റലിയിലെ നഗരകാഴ്ചകൾ കണ്ടശേഷം സെൻപീറ്റേർസ് ബെർഗിലേക്ക്    മടങ്ങാമെന്ന് പോളിന പറഞ്ഞു .അവൾക്ക് നേപ്പിൾസും ജനോവയുമൊക്കെ പ്രിയപ്പെട്ട സ്ഥലങ്ങളായിരുന്നു .


അന്നേരം  ഫിയാഡോർ മനസ്സിലിരിപ്പ് പുറത്തുവിട്ടു .ബേദൻ ബേദനിൽ പോയി ഒരു വട്ടം റൂലെറ്റ്  കളിക്കണം . ചിലപ്പോൾ കുറച്ചധികം ഫ്രാങ്ക്  കയ്യിൽ കിട്ടിയേക്കാം     അവിടെനിന്ന് ജനീവ വഴി ഇറ്റലിയിലേക്ക് പോകാം, അവിടേക്കുള്ള തീവണ്ടിയാത്ര  രസകരമായിരിക്കും .


ഇറ്റലിയിലേക്കുള്ള വിസ നൽകുന്നത് പുണ്യവാനായ കർദിനാളാണ് .

വിസ ലഭിക്കുന്നതിനായി അവർ കർദിനാളിൻറെ ഓഫീസിലെത്തി .കർദിനാളിന്റെ ഓഫീസിനു മുന്നിൽ കുതിരവണ്ടി നിർത്തുമ്പോൾ പോളിന പറഞ്ഞു


"ഇവിടെ നിന്ന് വിസ ലഭിക്കാൻ താമസമുണ്ടാവില്ലെന്നാണ്   ലോഡ്ജ് മാനേജർ പറഞ്ഞത്  ."


കർദിനാൾ ഓഫീസിന്റെ മുൻവശത്ത് ഒരു വിശാലമായ പൂമുഖം. അവിടെ ഒരു തടിയൻ പാതിരി ഇരിപ്പുണ്ട് .കടന്നൽ കുത്തേറ്റ  പോലെ വീർത്തിരിക്കുന്നു അയാളുടെ മുഖം .അടുത്തേക്ക് ചെന്നപ്പോൾ അത് അയാളുടെ സ്ഥായീഭാവമാണെന്ന് തിരിച്ചറിയാൻ  ഫിയോഡോറിന് ക്ലേശിക്കേണ്ടിവന്നില്ല.


 വിസക്കുവേണ്ടിവന്നവരാണെന്ന് പറഞ്ഞപ്പോൾ മുഖമുയർത്താതെ പാതിരി പറഞ്ഞു, 

"കുറച്ചുനേരം കാത്തിരിക്കണം ."


അവിടെയിട്ടിരുന്ന ഇരുമ്പു ബെഞ്ചിൽ അവർ ഇരുന്നു . സമീപമുള്ള മേശപ്പുറത്തു ഫ്രഞ്ച് മാസികകൾ    അടുക്കും ചിട്ടയുമില്ലാതെ കി ടപ്പുണ്ടായിരുന്നു  .ഫിയോഡോർ അതിലൊരെണ്ണമെടുത്തു മറിച്ചുനോക്കി .പോളിനായും അയാളെ അനുകരിച്ചു .അതിനിടയിൽ പല സന്ദർശകരും മുകളിൽ കർദിനാൾ ഇരിക്കുന്ന മുറിയിൽ പോയി ഇറങ്ങിവരുന്നത് പോളിന കണ്ടു .അവൾ ഫിയോഡോറിനെ തോണ്ടിവിളിച്ചു കാര്യം അവതരിപ്പിച്ചു .അവൾ അത് പറഞ്ഞുകൊണ്ടിരിക്കെ ഒരു ജർമ്മൻ യുവതി മുകളിലേക്ക് കയറിപ്പോയി. 


"ഞങ്ങൾ വിസക്ക് വേണ്ടിയാണ് വന്നിട്ടുള്ളത്"


ഫിയോഡോർ മോന്ത വീർത്ത കാവൽ പാതിരിയുടെ അടുത്ത് ചെന്ന് ബോധിപ്പിച്ചു .


"കാത്തിരിക്കൂ",

 പാതിരി പിറുപിറുത്തു .


ഫിയോഡോർ തിരികെ പോളിനയുടെ അടുത്ത് വന്നിരുന്നു.പോളിന ഒരു മാസിക മറിച്ചുനോക്കികൊണ്ടിരുന്നു .

അയാൾ പുറത്തെ തെരുവിലേക്ക് നോക്കികൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയും പുരുഷനും കയറി വന്നു. അവരെ കണ്ടപ്പോൾ പാതിരി  നേരിയ പുഞ്ചിരി വരുത്തി .ആഗതർ  മുകളിലേക്ക് കോണി കയറിപ്പോയി .


 ഏറെ നേരം പിന്നിട്ടിട്ടും  പാതിരി അവരെ അവഗണിച്ചു . .   ഫിയോഡോർ  ക്ഷമയുടെ അറ്റം  കാണാൻ  തുടങ്ങിയിരുന്നു .അയാൾ എഴുന്നേറ്റ് പാതിരിയുടെ അടുത്തേക്ക് ചെന്നു .ചെറിയ കിതപ്പോടെ അയാൾ പറയാൻ തുടങ്ങി .


"നോക്കു ,അനേകം ആളുകൾ മോണ്സിഞ്ഞോറിനെ കാണാനായി മുകളിലേക്ക് പോകുന്നതും താഴേക്കിറങ്ങി വരുന്നതും ഞങ്ങൾ കാണുന്നുണ്ട്  .ഞങ്ങൾ വിസക്ക് വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നത് .ഞങ്ങളുടെ കാര്യം പരിഹരിക്കാനും അദ്ദേഹം സമയം കണ്ടെത്തണം ."


പാതിരിക്ക് ദേഷ്യം വന്നു .സ്വതവേ വീർത്ത അയാളുടെ മോന്ത മങ്ങി .


"ഓഹോ ,അപ്പോൾ നിങ്ങളെ സ്വീകരിക്കുവാനായി മോൺസിഞ്ഞോർ അദ്ദേഹത്തിന്റെ കാപ്പികുടി വേണ്ടെന്നു വെക്കണോ ?"


തടിയൻ പാതിരിയുടെ  ചോദ്യം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫിയോഡോർ അലറി 


"വേണ്ടിവന്നാൽ ഞാൻ നിങ്ങളുടെ മോണ്സിഞ്ഞോറിൻറെ  കാപ്പിക്കപ്പിൽ തുപ്പും. .ഞങ്ങളുടെ വിസ ഉടൻ ശരിയാക്കിയില്ലെങ്കിൽ  ഞാൻ കോവണി കയറും ."


"എന്ത്? കർദിനാളിന്റെ മുറിയിൽ അതിക്രമിച്ചു കയറുമെന്നോ ? എങ്കിൽ അതൊന്നു കാണണം "

പാതിരി ക്ഷുഭിതനായി കോണിപ്പടിക്കു മുന്നിൽ കുതിച്ചെത്തി ഫിയോഡോറിനെ തടയാനെന്ന മട്ടിൽ കൈകൾ വിരിച്ചുനിന്നു .അയാളുടെ ശരീരം കോണിയുടെ വീതിക്കു പാകം .


"ഞാൻ ദൈവദോഷിയാണ് കിരാതനാണ് .അകത്തിരിക്കുന്നത് കർദിനാൾ ആണെന്ന ഭയമൊന്നും എനിക്കില്ല."


ഇത്തവണ ഫിയോഡോറിന്റെ  ശബ്ദം തെരുവിലേക്ക് ചെന്നിട്ടുണ്ടാകുമെന്ന് പോളിനക്ക് തോന്നി.


പാതിരി  അമ്പരന്നുപോയി .അയാളുടെ ശരീരത്തിന് ചെറിയ വിറയൽ ഉള്ളതായി പോളിനക്ക് തോന്നി .അയാൾ വെറുപ്പോടെ ഫിയോഡോറിനെ നോക്കി. ഫിയോഡോറിന്റെ പക്കലുണ്ടായിരുന്ന രണ്ടു പാസ്‌പോർട്ടുകളും കയ്യിൽ വാങ്ങിച്ചുകൊണ്ട്   ആ തടിയൻ പാതിരി കോണിപ്പടികളിൽ അമർത്തിച്ചവിട്ടി മുകളിലേക്ക് കയറിപ്പോയി .


രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ ഇറ്റലിയിലേക്കുള്ള  അവരുടെ വിസ   റെഡിയായി.

2021 ജൂലൈ 11, ഞായറാഴ്‌ച

പിക്കാസോയുടെ പക്ഷികൾ




ക്ഷികൾക്കും മൃഗങ്ങൾക്കുമിടയിൽ ജീവിക്കുവാൻ ഇഷ്‌ടമുള്ളയാളായിരുന്നു പാബ്ലോ . തന്റെ മനുഷ്യ സുഹൃത്തുക്കൾക്കുള്ള സംശയങ്ങളോ സന്ദേഹങ്ങളോ അവക്കില്ല എന്ന അദ്ദേഹംവിശ്വസിച്ചു .മുസീ ഡി' ആന്റിബസിലെ സ്റ്റുഡിയോയിൽ പാബ്ലോ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നേരത്ത് മ്യൂസിയത്തിന്റെ ഒരു മൂലയിൽ മൂളി ക്കൊണ്ടിരുന്ന മൂങ്ങയെ പിടികൂടി പാബ്ലോയുടെ സഹായി സിമ
സ്റ്റുഡിയോയിലേക്ക് കയറി വന്നു. മൂങ്ങയുടെ ഒരു കാലിന് പരിക്കേറ്റിരുന്നു .ഫ്രാൻസ്വ(പിക്കാസോയുടെ അക്കാലത്തെ കാമുകി )യും പിക്കാസോയും ചേർന്ന് അതിന്റെ മുറിവിൽ മരുന്ന് വെച് കെട്ടി .അതിനെ പാർപ്പിക്കാൻ അവർ ഒരു കൂട് വാങ്ങി .പാരീസിലേക്കു മടങ്ങിയപ്പോൾ പിക്കാസോ അതിനെ ഒപ്പം കൂട്ടി .അടുക്കളപുറത്ത് കാനറിപ്പക്ഷികൾക്കും പ്രാവുകൾക്കും ചെങ്ങാലിപ്രാവുകൾക്കുമൊപ്പം അതിനെ പാർപ്പിച്ചു.പിക്കാസോയും ഫ്രാൻസ്വയും അവനോട് സ്നേഹം കിട്ടിയെങ്കിലും അവൻ അവരെ തുറിച്ചുനോക്കി. .കാനറികൾ ബഹളമുണ്ടാക്കി ,പ്രാവുകൾ കൂകി , ചെങ്ങാലികൾ ചിരിച്ചു കാണിച്ചു ,പക്ഷെ മൂങ്ങ മാത്രം ഒന്നും മിണ്ടിയില്ല ,അവന്റെ കൂർക്കം വലിയുടെ ശബ്ദം കൊണ്ട് അവിടം മുഖരിതമായി. .അവൻ പുറപ്പെടുവിക്കുന്ന ഗന്ധം അസഹ്യമായിരുന്നു .എലികളായിരുന്നു അവന്റെ പ്രിയപ്പെട്ട ആഹാരം. പിക്കാസോയുടെ ചായ്പ്പും സ്റ്റുഡിയോയും മൂഷിക വൃന്ദങ്ങൾ കൈയ്യടക്കിയിരുന്നതിനാൽ ഫ്രാൻസ്വ എലിക്കെണി വെച്ച് അവയെ പിടികൂടി മൂങ്ങക്ക് നൽകി . ഫ്രാൻസ്വ അടുക്കളയിൽ നിൽക്കുന്നിടത്തോളം നേരം അവൻ എലിയെയും ഫ്രാൻസ്വയെയും കണ്ടതായിപോലും ഭാവിക്കില്ല..മറ്റു മൂങ്ങകളിൽ നിന്ന് വ്യത്യസ്തമായി അവൻ പകൽ ഉണർന്നിരിക്കും ..ഫ്രാൻസ്വ അടുക്കളയിൽ നിന്ന് പുറത്തു പോന്നയുടൻ എലിയെ കാണാതാവും
.എലിയുടെ കുറച്ചു രോമങ്ങൾ മാത്രമായിരിക്കും പിന്നെ അവിടെ ബാക്കിയുണ്ടാവുക ..പിക്കാസോയെ നോക്കി അവൻ കൂർക്കം വലിക്കുന്നത് കാണുമ്പോൾ പിക്കാസോ അവനെ ചീത്ത വിളിക്കും .എടാ മുങ്ങേ, നിന്നെക്കാൾ മോശക്കാരനാണെടാ ഞാൻ എന്നു പറഞ്ഞുകൊണ്ട് ചില ചീത്ത വാക്കുകൾപ്രയോഗിക്കും
.ഒരിക്കൽ പിക്കാസോ കൂട്ടിൽ കൈ കടത്തിയപ്പോൾ അവൻ വിരലിൽ കടിച്ചു . അദ്ദേഹത്തിന്റെ വിരലിനു നല്ല കട്ടിയുണ്ടായിരുന്നത് കൊണ്ട് കടി കാര്യമായില്ല ..ക്രമേണ അവൻ നെറുകയിൽ തലോടാനും ചൊറിയാനുമുള്ള അനുവാദം പാബ്ലൊക്ക് നൽകി .പിന്നെപ്പിന്നെ അവൻ പാബ്ലോയുടെ കൈയിൽ സ്വാതന്ത്ര്യത്തോടെ കയറിയിരുന്നു ..ഇങ്ങനെയൊക്കെയാണെങ്കിലും അവനെ ഒരിക്കലും സന്തോഷവാനായി കണ്ടിട്ടില്ല. പിക്കാസോയുടെ നിരവധി ഡ്രോയിങ്ങുകൾ ഈ ദൃശ്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് ആവിഷ്കരിക്കുന്നുണ്ട് .
പ്രാവുകൾ സദാ മൂളിക്കൊണ്ടിരുന്നു ചെങ്ങാലികൾ ചിരിച്ചു .കഴുത്തിന് ചുറ്റും നര വീണതുപോലുള്ള പാടുകളുണ്ടായിരുന്നു അവക്ക് .അടുക്കളയിലേക്ക് പിക്കാസോയും കാമുകിയും ഭക്ഷണം കഴിക്കാനായി കയറുമ്പോഴെല്ലാം പിക്കാസോ ദാർശനികനെപ്പോലെ എന്തെങ്കിലുമൊക്കെ പറയും ;ആത്മ ഗതങ്ങളായിരിക്കും അധികവും .ചെങ്ങാലികൾ അത് കേൾക്കാനായി കത്ത് കൂർപ്പിക്കും ..പിക്കാസോ തന്റെ ദാർശനിക പദസഞ്ചയം തുറന്നുവിടേണ്ട താമസം അവ ചിരിക്കാൻ തുടങ്ങും .
"ഈ പക്ഷികൾ ദാർശനികർക്കു വേണ്ടി ജീവിക്കുന്നവരാണ് " പിക്കാസോ പറയും ."എല്ലാ മനുഷ്യ വചനങ്ങ ൾക്കും പോഴത്തത്തിന്റെ ഒരു വശമുണ്ട് .ഭാഗ്യവശാൽ ഈ ചെങ്ങാലിപ്രാവുകൾക്ക് അതറിയാം .ഓരോ തവണയും ഞാൻ എന്തെങ്കിലും പറയുമ്പോൾ അതെല്ലാം വലിയ ഗീർവ്വാണങ്ങളാണെന്നാണ് എന്റെ വിചാരം ,പക്ഷെ ഈ പക്ഷികൾ അതിനകത്തെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് "
ഈ രണ്ടു ചെങ്ങാലികളും ഒരു കൂട്ടിൽ തന്നെയായിരുന്നു. ഇടക്കിടെ അവ ഇണ ചേരുന്നതുപോലെ തോന്നിയെങ്കിലും മുട്ട മാത്രം പുറത്തു വന്നില്ല .അവസാനം ലിംഗ നിർണയത്തിൽ തനിക്ക് തെറ്റ് പറ്റി യെന്ന് പാബ്ലൊക്ക് തോന്നി .അവ രണ്ടും പുരുഷ ദാർശനികരായിരുന്നുവെന്ന് പാബ്ലോ പറഞ്ഞു.
"ആളുകൾ പൊതുവെ പറയുന്നത് ജന്തുക്കൾ മനുഷ്യരെക്കാൾനല്ലവരാണെന്നാണ് ..എന്തൊരു അസംബന്ധമാണത്
ഈ ചെങ്ങാലി പ്രാവുകളുടെ കാര്യമെടുക്കാം .
സ്വവർഗാനുരാഗികളെപ്പോലെയല്ലേ അവ ജീവിക്കുന്നത്? "
അവ രണ്ടും പ്രണയിക്കുന്നതിന്റെ ലിത്തോഗ്രാഫുകൾ അദ്ദേഹം തീർത്തു .അതിൽ ഒരെണ്ണം ഇളം ചുവപ്പും മറ്റേത് മഞ്ഞയും .പിന്നെ മൂന്നാമതൊരെണ്ണം അവ ഇണ ചേരുമ്പോഴുള്ള ചേഷ്ടകൾ ചിത്രീകരിക്കുന്നതായിരുന്നു .


 

2021 ജൂലൈ 10, ശനിയാഴ്‌ച

             ഞാൻ  പരിഭാഷ ചെയ്ത  

            സാദത്ത് ഹസൻ മന്തോയുടെ കഥ വായിക്കു 

            

             സാദത്ത് ഹസന്‍ മന്തോ

  1912ല്‍ പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച സാദത്ത് ഹസന്‍ മന്തോ ഉറുദു ഭാഷയിലെ മികച്ച എഴുത്തുകാരില്‍ മുന്‍ നിരക്കാരന്‍.  തിരക്കഥയും നാടകവും അനേകം കഥകളുമെഴുതിയ മന്തോയുടെ രചനകളിലെ പ്രമേയം ഇന്ത്യയുടെ വിഭജനവും അനുബന്ധസംഭവങ്ങളും ആയിരുന്നു .തുറന്നെഴുത്തില്‍ അഭിരമിച്ചിരുന്ന എഴുത്തുകാരനായിരുന്നു മന്തൊ. അതിനാല്‍ തന്നെ രതിയുടെ അതിപ്രസരം മൂലം പല കഥകളും നിരോധിക്കപ്പെട്ടു. ആറു തവണ വിചാരണ നേരിടേണ്ടി വന്നെങ്കിലും ശിക്ഷിക്കപ്പെട്ടില്ല  ടോബാ ടേക് സിങ്   ഠണ്ട ഗോസ്റ്റ് രാധ എന്നിവ ഇദ്ദേഹത്തിന്‍റെ മികച്ച രചനക്കുള്ള ഉദാഹരണങ്ങള്‍ .ഓര്‍മ്മകളുടെ ഒരു പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. വിഭജനത്തിനുശേഷം മന്തോ ലാഹോറില്‍ താമസമാക്കി . 2018 ല്‍ പ്രശസ്ത സംവിധായിക നന്ദിത ദാസ് , മന്തോ എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ചു .ടോബാ ടേക് സിങ്, മിര്‍സ ഗാലിബ്, കാലി സല്‍വാര്‍, ബദ്നാം എന്നീ മന്തോ കഥകള്‍  ചലച്ചിത്രങ്ങളായി  . 1955 ല്‍ നാല്പത്തിമൂന്നാമത്തെ വയസ്സില്‍  അമിത മദ്യപാനം മൂലമുണ്ടായ ശാരീരികപ്രശ്നങ്ങള്‍ മൂലം ലാഹോറില്‍ വെച്ച് അന്തരിച്ചു. 

                                                   രാജന്‍ തുവ്വാര

                                               പലായനം 

                                  

                              ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമൃത്സറില്‍നിന്നും പുറപ്പെട്ട തീവണ്ടി എട്ടുമണിക്കൂറിനുശേഷമാണ് മുഗള്‍പുരയിലെത്തിയത്. വഴിയില്‍വെച്ച് അനവധിയാളുകള്‍ കൊല്ലപ്പെട്ടു, അനവധിപേര്‍ക്ക് പരിക്കേറ്റു. അതില്‍നിന്നും രക്ഷപ്പെട്ടവര്‍ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു.

രാവിലെ പത്തുമണിക്കാണ് ക്യാമ്പില്‍വെച്ച് സിറാജുദ്ദീന്‍ കണ്ണുതുറന്നത്. ചുറ്റും സ്ത്രീകളെയും കുഞ്ഞുങ്ങളെയും പുരുഷന്മാരെയും കണ്ടപ്പോള്‍ അയാള്‍ പരിഭ്രമിച്ചു. കുറേസമയം അയാള്‍ ആകാശത്തേക്കു തുറിച്ചുനോക്കിക്കൊണ്ടു കിടന്നു. ക്യാമ്പ് ശബ്ദമുഖരിതമായിരുന്നു. പക്ഷേ, സിറാജുദ്ദീന്‍റെ കാതുകള്‍ മുദ്രവെച്ച് അടച്ചതുപോലെയായിരുന്നു. അയാള്‍ക്ക് യാതൊന്നും കേള്‍ക്കാന്‍ കഴിയുന്നില്ലായിരുന്നു. അയാള്‍ ഏതോ ഗാഢചിന്തയിലാണെന്നേ അതുകാണുന്ന ആര്‍ക്കും തോന്നുകയുള്ളൂ. എന്നാല്‍ അയാള്‍ക്കു ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. ശൂന്യാകാശത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നവനെപ്പോലെയായിരുന്നു അയാളുടെ അവസ്ഥ.

അലക്ഷ്യമായി ആകാശത്തേക്കു നോക്കിക്കൊണ്ടിരിക്കെ അയാളുടെ കണ്ണുകള്‍ പെട്ടെന്ന് കത്തിനില്‍ക്കുന്ന സൂര്യനിലുടക്കി. സൂര്യരശ്മകള്‍ അയാളുടെ ശരീരത്തിന്‍റെ ഓരോ അണുവിലും കടന്നുകയറി. അയാള്‍ എഴുന്നേറ്റു. അയാളുടെ മനസ്സിലൂടെ കുഴഞ്ഞുമറിഞ്ഞ ഒരുപാട് രൂപങ്ങള്‍ കടന്നുപോയി -കൊള്ള-കൊള്ളിവെയ്പ്-പലായനം-വെടിയൊച്ച-രാത്രി.... സക്കീന.

പൊടുന്നനെ സിറാജുദ്ദീന്‍ എഴുന്നേറ്റിരുന്നു. എന്തോ ആവേശം ബാധിച്ചതുപോലെ അയാളാ മനുഷ്യസമുദ്രത്തെ വകഞ്ഞുമാറ്റാനാരംഭിച്ചു. മൂന്നുമണിക്കൂര്‍ തികച്ചും അയാളാ ക്യാമ്പിനകത്ത് സക്കീനയെ തിരഞ്ഞുനടന്നു. തുടര്‍ച്ചയായി അയാള്‍ അവളുടെ പേര് ഉറക്കെ വിളിച്ചുകൂവി. പക്ഷേ, തന്‍റെ ഏകമകളുടെ ചെറിയൊരു പൊടിപോലും കണ്ടുപിടിക്കാന്‍ അയാള്‍ക്കായില്ല. അയാളുടെ ചുറ്റുപാടും കുഴഞ്ഞുമറിഞ്ഞു. ചിലര്‍ തങ്ങളുടെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ തിരഞ്ഞുനടന്നപ്പോള്‍, മറ്റുചിലര്‍ അവരുടെ അമ്മമാരെയും ഭാര്യമാരെയും മക്കളെയും തിരഞ്ഞുനടക്കുന്നുണ്ടായിരുന്നു.

തളര്‍ന്നവശനായി ഒരിടത്തിരുന്ന സിറാജുദ്ദീന്‍ എപ്പോള്‍ എവിടെവെച്ചാണ് സക്കീന തന്നില്‍നിന്നും വേര്‍പെട്ടുപോയതെന്ന് ആലോചിച്ചു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, എല്ലാ ആന്തരാവയവങ്ങളും പുറത്തുചാടി ചത്തുമലച്ചുകിടക്കുന്ന തന്‍റെ ഭാര്യയുടെ ശവശരീരമാണ് അയാള്‍ക്കപ്പോള്‍ ഓര്‍മ്മവന്നത്. കൂടുതല്‍ ആലോചിക്കാനുള്ള ശക്തി അയാള്‍ക്കുണ്ടായില്ല.

സക്കീനയും അയാളും നഗ്നപാദരായി ഓടുകയായിരുന്നു. അവളുടെ ദുപ്പട്ട ഊര്‍ന്നുവീണിരുന്നു. അയാളത് കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സക്കീന ഉറക്കെ വിളിച്ചുകൂവി:

"അബ്ബാജി അതു വിട്ടുകള...."

പക്ഷേ, അയാളത് കുനിഞ്ഞെടുത്തു.. അങ്ങനെ അതിനെക്കുറിച്ചാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ വീര്‍ത്തുന്തിയ തന്‍റെ കീശയുടെ നേര്‍ക്ക് അയാളുടെ കൈകള്‍ യാന്ത്രികമായി നീങ്ങി. സക്കീനയുടെ ദുപ്പട്ടയായിരുന്നു അത്. പക്ഷേ, അവളെവിടെ?

സിറാജുദ്ദീന്‍ അത് ഓര്‍മ്മിക്കുവാനായി കഠിനമായി ശ്രമിച്ചു. അയാളും സക്കീനയും ഒരുമിച്ചാണോ തീവണ്ടിയാപ്പീസിലെത്തിച്ചേര്‍ന്നത്? അവള്‍ അയാള്‍ക്കൊപ്പം തീവണ്ടിയില്‍ കയറുകയുണ്ടായോ? തീവണ്ടിയിലേക്ക് ലഹളക്കാര്‍ കടന്നുവന്നപ്പോള്‍ ഭയന്ന് ബോധംനഷ്ടപ്പെട്ട അയാളുടെ വരുതിയില്‍നിന്നും അവളെ അവര്‍ എടുത്തുകൊണ്ടുപോയതാണോ? എന്താണുണ്ടായതെന്ന് അയാള്‍ക്കോര്‍ക്കാന്‍ കഴിഞ്ഞില്ല. 

ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ സിറാജുദ്ദീന്‍റെ മനസ്സിലേക്കു ചാറിക്കൊണ്ടിരുന്നു. അയാള്‍ക്കാവശ്യം അനുകമ്പയായിരുന്നു. അയാളുടെ ചുറ്റുമുള്ള മനുഷ്യക്കൂട്ടത്തിനും അതുതന്നെയാണാവശ്യം. കരയാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അയാള്‍ക്കതിനു സാധിച്ചില്ല. അയാളുടെ കണ്ണീരപ്പാടെ വറ്റിപ്പോയിരുന്നു.

ആറുദിവസത്തിനുശേഷം അയാള്‍ തനിക്കേറ്റ ആഘാതത്തില്‍നിന്നും അല്പാല്പമായി മോചിതനായപ്പോള്‍ തന്നെ സഹായിക്കാനായി മുന്നോട്ടുവന്ന ഒരുകൂട്ടം ചെറുപ്പക്കാരുമായി അയാള്‍ തന്‍റെ സങ്കടം പങ്കിട്ടു. ഏട്ടുപേരുണ്ടായിരുന്നു അവര്‍-അവരുടെ പക്കല്‍ ഒരു ലോറിയും കുറേ തോക്കുകളുമുണ്ടായിരുന്നു. അയാള്‍ അവരെ അനുഗ്രഹിച്ചു.

സിറാജുദ്ദീന്‍ തന്‍റെ മകളെക്കുറിച്ച് വിശദമായ വിവരണംതന്നെ അവര്‍ക്കുനല്‍കി: അവള്‍ക്ക് നല്ല നിറമുണ്ട്, സുന്ദരിയാണ്-അമ്മയെപ്പോലെയാണവള്‍, എന്നെപ്പോലെയല്ല. പതിനാലുകാരിയായ അവള്‍ക്ക് കറുത്ത മുടിയാണ്.... വലത്തേ കവിളില്‍ ഒരു കറുത്ത മറുകുണ്ട്.... എന്‍റെയൊരേയൊരു മോളാണ്... അവളെ എങ്ങനെയെങ്കിലും കണ്ടെത്തുവാന്‍ ശ്രമിക്ക്. ദൈവം നിങ്ങളെ അനുഗ്രഹിക്കും. 

ചെറുപ്പക്കാരായ ആ സന്നദ്ധസേവകര്‍ സിറാജുദ്ദീന് മകളെ കണ്ടുപിടിച്ചുകൊണ്ടുവരാമെന്ന് ഉറപ്പുകൊടുത്തു. മകള്‍ ജീവനോടെയിരിപ്പുണ്ടെങ്കില്‍ അവര്‍ അവളെ അയാളുടെ അടുത്തെത്തിച്ചിരിക്കും.

അവര്‍ പരിശ്രമിച്ചുനോക്കി. ജീവന്‍ പണയംവെച്ചാണ് അവര്‍ അമൃത്സറിലേക്കു പോയത് . അനേകം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അവര്‍ രക്ഷപ്പെടുത്തി സുരക്ഷിതമായ ഇടത്തെത്തിച്ചു. പക്ഷേ, പത്തുദിവസം കിണഞ്ഞു  ശ്രമിച്ചിട്ടും അവര്‍ക്കു സക്കീനയെ കണ്ടെത്താനായില്ല.

എന്നാല്‍ ഈ ലക്ഷ്യം മനസ്സില്‍ വെച്ച് അമൃത്സറിലേക്കു യാത്രചെയ്തുകൊണ്ടിരുന്ന ആ ചെറുപ്പക്കാര്‍ ചുര്‍ഹട്ടിലെ റോഡരുകില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടെത്തി. ലോറിയുടെ ഇരമ്പല്‍ കേട്ടപ്പോള്‍ പരിഭ്രമിച്ചുപോയ അവള്‍ ഓടിപ്പോവാന്‍ ശ്രമിച്ചു.

സന്നദ്ധസേവകര്‍ ലോറിനിര്‍ത്തി അവള്‍ക്കു പുറകെ ഓടിച്ചെന്ന്   പിടികൂടി. സുന്ദരിയായിരുന്ന ആ പെണ്‍കുട്ടിയുടെ വലത്തേ കവിളില്‍ ഒരു കറുത്ത മറുകുണ്ടായിരുന്നു.

ചെറുപ്പക്കാരിലൊരാള്‍ പറഞ്ഞു: " നീ  പേടിക്കേണ്ട. സക്കീന എന്നല്ലേ നിന്‍റെ പേര്?"

പെണ്‍കുട്ടിയുടെ മുഖം വിളറി. അവളതിന് മറുപടി പറഞ്ഞില്ല. എന്നാല്‍ ചെറുപ്പക്കാര്‍ അവള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കിയപ്പോള്‍ അവളുടെ ഭയം അകന്നു. താന്‍ സക്കീനയാണെന്ന് അവള്‍ അവരോടു പറഞ്ഞു; സിറാജുദ്ദീന്‍റെ മകള്‍ സക്കീന.

അവരെല്ലാവരും അവളോട് ദയവോടെ പെരുമാറി. അവരവള്‍ക്ക് ഭക്ഷണവും പാലും നല്‍കിയശേഷം ലോറിയില്‍ കയറ്റി. ദുപ്പട്ട നഷ്ടപ്പെട്ടുപോയിരുന്നതിനാല്‍ അസ്വസ്ഥതയോടെ തന്‍റെ അല്പം അനാവൃതമായ മാറിടം കൈകൊണ്ട് മറയ്ക്കുവാന്‍ അവള്‍ ശ്രമിച്ചു.

ദിവസങ്ങള്‍ കടന്നുപോയി. സക്കീനയെക്കുറിച്ചുള്ള യാതൊരു വിവരവും സിറാജുദ്ദീനു ലഭിച്ചില്ല. ദിവസേന അയാള്‍ അഭയാര്‍ത്ഥിക്യാമ്പുകളിലും ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും മകളെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല. സന്നദ്ധസേന മനസ്ഥിതിക്കാരായ ആ ചെറുപ്പക്കാര്‍ ആ പരിശ്രമത്തില്‍ വിജയിക്കേണമേ എന്ന് അയാള്‍ ഈശ്വരനോടു പ്രാര്‍ത്ഥിച്ചു. കുറച്ചുദിവസങ്ങള്‍ക്കകം അവര്‍ തന്നെ മകളെ കൊണ്ടുവരണേയെന്ന് അയാള്‍ ദൈവത്തോടു യാചിച്ചു.

ഒരു ദിവസം അയാള്‍ ആ ചെറുപ്പക്കാരെ അഭയാര്‍ത്ഥിക്യാമ്പില്‍വെച്ചു കണ്ടുമുട്ടി. ലോറിക്കുള്ളില്‍ ഇരിക്കുകയായിരുന്നു അവര്‍. സിറാജുദ്ദീന്‍ അവരുടെ അടുത്ത് ഓടിയെത്തി. ലോറിയുമായി അവര്‍ എവിടേക്കോ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അയാള്‍ ആ ചെറുപ്പക്കാരില്‍ ഒരുത്തനോടു ചോദിച്ചു:

"മോനേ, നീ എന്‍റെ സക്കീനയെ കണ്ടോടാ?"

"ഞങ്ങള്‍ കണ്ടെത്തും ബാബാ   , കണ്ടെത്തും."

ഒരൊറ്റ സ്വരത്തില്‍ അവര്‍ പറഞ്ഞു. 

ലോറി പുറപ്പെട്ടുപോയി. അവരുടെ വിജയത്തിനായി അയാള്‍ ഒരിക്കല്‍ക്കൂടി പ്രാര്‍ത്ഥിച്ചു. അയാള്‍ക്ക് സുഖം തോന്നി.

അന്നുവൈകുന്നേരം ക്യാമ്പില്‍ എന്തോ വലിയൊരു ബഹളം കേട്ടപ്പോള്‍ സിറാജുദ്ദീന്‍ അങ്ങോട്ടു ചെന്നു. നാലുപേര്‍ ചേര്‍ന്ന് ഒരു സ്ടെച്ചറില്‍ ഒരു പെണ്‍കുട്ടിയെ ഏറ്റിക്കൊണ്ടുവരുന്നുണ്ടായിരുന്നു. റെയില്‍പാതക്കടുത്ത് ബോധമില്ലാതെ കിടക്കുകയായിരുന്നു ആ പെണ്‍കുട്ടിയെന്ന് അയാളോട് ആരോ പറഞ്ഞു.

അവര്‍ ആ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയശേഷം സ്ഥലംവിട്ടു. കുറച്ചുനേരം അയാള്‍ ആ ആശുപത്രിക്കു പുറത്തെ മരത്തൂണില്‍ ചാരിക്കൊണ്ടുനിന്നു. പിന്നെ അയാള്‍ സാവധാനം ആശുപത്രിക്കകത്തേക്കു നടന്നു. അകത്തെ മുറിയില്‍ ആ സ്ട്രെച്ചറില്‍ മൃതശരീരംപോലൊരു സാധനം കിടക്കുന്നതു അയാള്‍ കണ്ടു. അയാള്‍ അതിനടുത്തേക്ക് പതിയെ നടന്നുചെന്നു.

ആരോ അതിനകത്ത് ലൈറ്റിട്ടു.

 ആ മൃതശരീരത്തിന്‍റെ വലത്തേകവിളില്‍ ഒരു കറുത്ത മറുക് തിളങ്ങുന്നത് അയാള്‍ കണ്ടു. അയാള്‍ നിലവിളിച്ചു- "സക്കീന!"

 അയാളുടെ നിലവിളികേട്ട്  ഓടിയെത്തിയ  ഡോക്ടര്‍ അയാളോടു ചോദിച്ചു: "എന്താണ് പ്രശ്‍നം  ?"

"ഞാന്‍... ഞാനവളുടെ ബാപ്പയാണ്...." ഉണങ്ങിവരണ്ട തൊണ്ടയില്‍നിന്നും വളരെ പാടുപെട്ടാണ് അയാളാ ശബ്ദം പുറത്തേക്കു തുപ്പിയത്. 

സ്ട്രെച്ചറില്‍ കിടക്കുന്ന ശവശരീരത്തില്‍ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന ഡോക്ടര്‍ അതിന്‍റെ നാഡിമിടിപ്പ് പരിശോധിച്ചു. അതിനുശേഷം ഡോക്ടര്‍ അയാളോടു പറഞ്ഞു - "ആ ജനലൊന്ന് തുറക്ക്."

സ്ടെച്ചറില്‍ കിടന്ന ശവശരീരം ചെറുതായൊന്നു അനങ്ങി.

അയാളുടെ  പാതി  ജീവനറ്റ കൈകള്‍ അരക്കെട്ടിലെ ചരടഴിച്ചു.... സല്‍വാര്‍ അല്പം താഴ്ത്തി.

"അവള്‍ക്ക് ജീവനുണ്ട്, എന്‍റെ കുട്ടിക്കു ജീവനുണ്ട്!" കിഴവന്‍ സിറാജുദ്ദീന്‍ ആഹ്ലാദം കൊണ്ട് അലറിവിളിച്ചു. 

ഡോക്ടറുടെ ശരീരത്തിലൂടെ കുളിരാര്‍ന്ന വിയര്‍പ്പൊഴുകി.