ഞാൻ പരിഭാഷ ചെയ്ത
സാദത്ത് ഹസന്‍ മന്തോ
1912ല്‍ പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച സാദത്ത് ഹസന്‍ മന്തോ ഉറുദു ഭാഷയിലെ മികച്ച എഴുത്തുകാരില്‍ മുന്‍ നിരക്കാരന്‍. തിരക്കഥയും നാടകവും അനേകം കഥകളുമെഴുതിയ മന്തോയുടെ രചനകളിലെ പ്രമേയം ഇന്ത്യയുടെ വിഭജനവും അനുബന്ധസംഭവങ്ങളും ആയിരുന്നു .തുറന്നെഴുത്തില്‍ അഭിരമിച്ചിരുന്ന എഴുത്തുകാരനായിരുന്നു മന്തൊ. അതിനാല്‍ തന്നെ രതിയുടെ അതിപ്രസരം മൂലം പല കഥകളും നിരോധിക്കപ്പെട്ടു. ആറു തവണ വിചാരണ നേരിടേണ്ടി വന്നെങ്കിലും ശിക്ഷിക്കപ്പെട്ടില്ല ടോബാ ടേക് സിങ് ഠണ്ട ഗോസ്റ്റ് രാധ എന്നിവ ഇദ്ദേഹത്തിന്‍റെ മികച്ച രചനക്കുള്ള ഉദാഹരണങ്ങള്‍ .ഓര്‍മ്മകളുടെ ഒരു പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. വിഭജനത്തിനുശേഷം മന്തോ ലാഹോറില്‍ താമസമാക്കി . 2018 ല്‍ പ്രശസ്ത സംവിധായിക നന്ദിത ദാസ് , മന്തോ എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ചു .ടോബാ ടേക് സിങ്, മിര്‍സ ഗാലിബ്, കാലി സല്‍വാര്‍, ബദ്നാം എന്നീ മന്തോ കഥകള്‍ ചലച്ചിത്രങ്ങളായി . 1955 ല്‍ നാല്പത്തിമൂന്നാമത്തെ വയസ്സില്‍ അമിത മദ്യപാനം മൂലമുണ്ടായ ശാരീരികപ്രശ്നങ്ങള്‍ മൂലം ലാഹോറില്‍ വെച്ച് അന്തരിച്ചു.
രാജന്‍ തുവ്വാരപലായനം
ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമൃത്സറില്‍നിന്നും പുറപ്പെട്ട തീവണ്ടി എട്ടുമണിക്കൂറിനുശേഷമാണ് മുഗള്‍പുരയിലെത്തിയത്. വഴിയില്‍വെച്ച് അനവധിയാളുകള്‍ കൊല്ലപ്പെട്ടു, അനവധിപേര്‍ക്ക് പരിക്കേറ്റു. അതില്‍നിന്നും രക്ഷപ്പെട്ടവര്‍ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു.
രാവിലെ പത്തുമണിക്കാണ് ക്യാമ്പില്‍വെച്ച് സിറാജുദ്ദീന്‍ കണ്ണുതുറന്നത്. ചുറ്റും സ്ത്രീകളെയും കുഞ്ഞുങ്ങളെയും പുരുഷന്മാരെയും കണ്ടപ്പോള്‍ അയാള്‍ പരിഭ്രമിച്ചു. കുറേസമയം അയാള്‍ ആകാശത്തേക്കു തുറിച്ചുനോക്കിക്കൊണ്ടു കിടന്നു. ക്യാമ്പ് ശബ്ദമുഖരിതമായിരുന്നു. പക്ഷേ, സിറാജുദ്ദീന്‍റെ കാതുകള്‍ മുദ്രവെച്ച് അടച്ചതുപോലെയായിരുന്നു. അയാള്‍ക്ക് യാതൊന്നും കേള്‍ക്കാന്‍ കഴിയുന്നില്ലായിരുന്നു. അയാള്‍ ഏതോ ഗാഢചിന്തയിലാണെന്നേ അതുകാണുന്ന ആര്‍ക്കും തോന്നുകയുള്ളൂ. എന്നാല്‍ അയാള്‍ക്കു ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. ശൂന്യാകാശത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നവനെപ്പോലെയായിരുന്നു അയാളുടെ അവസ്ഥ.
അലക്ഷ്യമായി ആകാശത്തേക്കു നോക്കിക്കൊണ്ടിരിക്കെ അയാളുടെ കണ്ണുകള്‍ പെട്ടെന്ന് കത്തിനില്‍ക്കുന്ന സൂര്യനിലുടക്കി. സൂര്യരശ്മകള്‍ അയാളുടെ ശരീരത്തിന്‍റെ ഓരോ അണുവിലും കടന്നുകയറി. അയാള്‍ എഴുന്നേറ്റു. അയാളുടെ മനസ്സിലൂടെ കുഴഞ്ഞുമറിഞ്ഞ ഒരുപാട് രൂപങ്ങള്‍ കടന്നുപോയി -കൊള്ള-കൊള്ളിവെയ്പ്-പലായനം-വെടിയൊച്ച-രാത്രി.... സക്കീന.
പൊടുന്നനെ സിറാജുദ്ദീന്‍ എഴുന്നേറ്റിരുന്നു. എന്തോ ആവേശം ബാധിച്ചതുപോലെ അയാളാ മനുഷ്യസമുദ്രത്തെ വകഞ്ഞുമാറ്റാനാരംഭിച്ചു. മൂന്നുമണിക്കൂര്‍ തികച്ചും അയാളാ ക്യാമ്പിനകത്ത് സക്കീനയെ തിരഞ്ഞുനടന്നു. തുടര്‍ച്ചയായി അയാള്‍ അവളുടെ പേര് ഉറക്കെ വിളിച്ചുകൂവി. പക്ഷേ, തന്‍റെ ഏകമകളുടെ ചെറിയൊരു പൊടിപോലും കണ്ടുപിടിക്കാന്‍ അയാള്‍ക്കായില്ല. അയാളുടെ ചുറ്റുപാടും കുഴഞ്ഞുമറിഞ്ഞു. ചിലര്‍ തങ്ങളുടെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ തിരഞ്ഞുനടന്നപ്പോള്‍, മറ്റുചിലര്‍ അവരുടെ അമ്മമാരെയും ഭാര്യമാരെയും മക്കളെയും തിരഞ്ഞുനടക്കുന്നുണ്ടായിരുന്നു.
തളര്‍ന്നവശനായി ഒരിടത്തിരുന്ന സിറാജുദ്ദീന്‍ എപ്പോള്‍ എവിടെവെച്ചാണ് സക്കീന തന്നില്‍നിന്നും വേര്‍പെട്ടുപോയതെന്ന് ആലോചിച്ചു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, എല്ലാ ആന്തരാവയവങ്ങളും പുറത്തുചാടി ചത്തുമലച്ചുകിടക്കുന്ന തന്‍റെ ഭാര്യയുടെ ശവശരീരമാണ് അയാള്‍ക്കപ്പോള്‍ ഓര്‍മ്മവന്നത്. കൂടുതല്‍ ആലോചിക്കാനുള്ള ശക്തി അയാള്‍ക്കുണ്ടായില്ല.
സക്കീനയും അയാളും നഗ്നപാദരായി ഓടുകയായിരുന്നു. അവളുടെ ദുപ്പട്ട ഊര്‍ന്നുവീണിരുന്നു. അയാളത് കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സക്കീന ഉറക്കെ വിളിച്ചുകൂവി:
"അബ്ബാജി അതു വിട്ടുകള...."
പക്ഷേ, അയാളത് കുനിഞ്ഞെടുത്തു.. അങ്ങനെ അതിനെക്കുറിച്ചാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ വീര്‍ത്തുന്തിയ തന്‍റെ കീശയുടെ നേര്‍ക്ക് അയാളുടെ കൈകള്‍ യാന്ത്രികമായി നീങ്ങി. സക്കീനയുടെ ദുപ്പട്ടയായിരുന്നു അത്. പക്ഷേ, അവളെവിടെ?
സിറാജുദ്ദീന്‍ അത് ഓര്‍മ്മിക്കുവാനായി കഠിനമായി ശ്രമിച്ചു. അയാളും സക്കീനയും ഒരുമിച്ചാണോ തീവണ്ടിയാപ്പീസിലെത്തിച്ചേര്‍ന്നത്? അവള്‍ അയാള്‍ക്കൊപ്പം തീവണ്ടിയില്‍ കയറുകയുണ്ടായോ? തീവണ്ടിയിലേക്ക് ലഹളക്കാര്‍ കടന്നുവന്നപ്പോള്‍ ഭയന്ന് ബോധംനഷ്ടപ്പെട്ട അയാളുടെ വരുതിയില്‍നിന്നും അവളെ അവര്‍ എടുത്തുകൊണ്ടുപോയതാണോ? എന്താണുണ്ടായതെന്ന് അയാള്‍ക്കോര്‍ക്കാന്‍ കഴിഞ്ഞില്ല.
ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ സിറാജുദ്ദീന്‍റെ മനസ്സിലേക്കു ചാറിക്കൊണ്ടിരുന്നു. അയാള്‍ക്കാവശ്യം അനുകമ്പയായിരുന്നു. അയാളുടെ ചുറ്റുമുള്ള മനുഷ്യക്കൂട്ടത്തിനും അതുതന്നെയാണാവശ്യം. കരയാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അയാള്‍ക്കതിനു സാധിച്ചില്ല. അയാളുടെ കണ്ണീരപ്പാടെ വറ്റിപ്പോയിരുന്നു.
ആറുദിവസത്തിനുശേഷം അയാള്‍ തനിക്കേറ്റ ആഘാതത്തില്‍നിന്നും അല്പാല്പമായി മോചിതനായപ്പോള്‍ തന്നെ സഹായിക്കാനായി മുന്നോട്ടുവന്ന ഒരുകൂട്ടം ചെറുപ്പക്കാരുമായി അയാള്‍ തന്‍റെ സങ്കടം പങ്കിട്ടു. ഏട്ടുപേരുണ്ടായിരുന്നു അവര്‍-അവരുടെ പക്കല്‍ ഒരു ലോറിയും കുറേ തോക്കുകളുമുണ്ടായിരുന്നു. അയാള്‍ അവരെ അനുഗ്രഹിച്ചു.
സിറാജുദ്ദീന്‍ തന്‍റെ മകളെക്കുറിച്ച് വിശദമായ വിവരണംതന്നെ അവര്‍ക്കുനല്‍കി: അവള്‍ക്ക് നല്ല നിറമുണ്ട്, സുന്ദരിയാണ്-അമ്മയെപ്പോലെയാണവള്‍, എന്നെപ്പോലെയല്ല. പതിനാലുകാരിയായ അവള്‍ക്ക് കറുത്ത മുടിയാണ്.... വലത്തേ കവിളില്‍ ഒരു കറുത്ത മറുകുണ്ട്.... എന്‍റെയൊരേയൊരു മോളാണ്... അവളെ എങ്ങനെയെങ്കിലും കണ്ടെത്തുവാന്‍ ശ്രമിക്ക്. ദൈവം നിങ്ങളെ അനുഗ്രഹിക്കും.
ചെറുപ്പക്കാരായ ആ സന്നദ്ധസേവകര്‍ സിറാജുദ്ദീന് മകളെ കണ്ടുപിടിച്ചുകൊണ്ടുവരാമെന്ന് ഉറപ്പുകൊടുത്തു. മകള്‍ ജീവനോടെയിരിപ്പുണ്ടെങ്കില്‍ അവര്‍ അവളെ അയാളുടെ അടുത്തെത്തിച്ചിരിക്കും.
അവര്‍ പരിശ്രമിച്ചുനോക്കി. ജീവന്‍ പണയംവെച്ചാണ് അവര്‍ അമൃത്സറിലേക്കു പോയത് . അനേകം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അവര്‍ രക്ഷപ്പെടുത്തി സുരക്ഷിതമായ ഇടത്തെത്തിച്ചു. പക്ഷേ, പത്തുദിവസം കിണഞ്ഞു ശ്രമിച്ചിട്ടും അവര്‍ക്കു സക്കീനയെ കണ്ടെത്താനായില്ല.
എന്നാല്‍ ഈ ലക്ഷ്യം മനസ്സില്‍ വെച്ച് അമൃത്സറിലേക്കു യാത്രചെയ്തുകൊണ്ടിരുന്ന ആ ചെറുപ്പക്കാര്‍ ചുര്‍ഹട്ടിലെ റോഡരുകില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടെത്തി. ലോറിയുടെ ഇരമ്പല്‍ കേട്ടപ്പോള്‍ പരിഭ്രമിച്ചുപോയ അവള്‍ ഓടിപ്പോവാന്‍ ശ്രമിച്ചു.
സന്നദ്ധസേവകര്‍ ലോറിനിര്‍ത്തി അവള്‍ക്കു പുറകെ ഓടിച്ചെന്ന് പിടികൂടി. സുന്ദരിയായിരുന്ന ആ പെണ്‍കുട്ടിയുടെ വലത്തേ കവിളില്‍ ഒരു കറുത്ത മറുകുണ്ടായിരുന്നു.
ചെറുപ്പക്കാരിലൊരാള്‍ പറഞ്ഞു: " നീ പേടിക്കേണ്ട. സക്കീന എന്നല്ലേ നിന്‍റെ പേര്?"
പെണ്‍കുട്ടിയുടെ മുഖം വിളറി. അവളതിന് മറുപടി പറഞ്ഞില്ല. എന്നാല്‍ ചെറുപ്പക്കാര്‍ അവള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കിയപ്പോള്‍ അവളുടെ ഭയം അകന്നു. താന്‍ സക്കീനയാണെന്ന് അവള്‍ അവരോടു പറഞ്ഞു; സിറാജുദ്ദീന്‍റെ മകള്‍ സക്കീന.
അവരെല്ലാവരും അവളോട് ദയവോടെ പെരുമാറി. അവരവള്‍ക്ക് ഭക്ഷണവും പാലും നല്‍കിയശേഷം ലോറിയില്‍ കയറ്റി. ദുപ്പട്ട നഷ്ടപ്പെട്ടുപോയിരുന്നതിനാല്‍ അസ്വസ്ഥതയോടെ തന്‍റെ അല്പം അനാവൃതമായ മാറിടം കൈകൊണ്ട് മറയ്ക്കുവാന്‍ അവള്‍ ശ്രമിച്ചു.
ദിവസങ്ങള്‍ കടന്നുപോയി. സക്കീനയെക്കുറിച്ചുള്ള യാതൊരു വിവരവും സിറാജുദ്ദീനു ലഭിച്ചില്ല. ദിവസേന അയാള്‍ അഭയാര്‍ത്ഥിക്യാമ്പുകളിലും ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും മകളെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല. സന്നദ്ധസേന മനസ്ഥിതിക്കാരായ ആ ചെറുപ്പക്കാര്‍ ആ പരിശ്രമത്തില്‍ വിജയിക്കേണമേ എന്ന് അയാള്‍ ഈശ്വരനോടു പ്രാര്‍ത്ഥിച്ചു. കുറച്ചുദിവസങ്ങള്‍ക്കകം അവര്‍ തന്നെ മകളെ കൊണ്ടുവരണേയെന്ന് അയാള്‍ ദൈവത്തോടു യാചിച്ചു.
ഒരു ദിവസം അയാള്‍ ആ ചെറുപ്പക്കാരെ അഭയാര്‍ത്ഥിക്യാമ്പില്‍വെച്ചു കണ്ടുമുട്ടി. ലോറിക്കുള്ളില്‍ ഇരിക്കുകയായിരുന്നു അവര്‍. സിറാജുദ്ദീന്‍ അവരുടെ അടുത്ത് ഓടിയെത്തി. ലോറിയുമായി അവര്‍ എവിടേക്കോ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അയാള്‍ ആ ചെറുപ്പക്കാരില്‍ ഒരുത്തനോടു ചോദിച്ചു:
"മോനേ, നീ എന്‍റെ സക്കീനയെ കണ്ടോടാ?"
"ഞങ്ങള്‍ കണ്ടെത്തും ബാബാ , കണ്ടെത്തും."
ഒരൊറ്റ സ്വരത്തില്‍ അവര്‍ പറഞ്ഞു.
ലോറി പുറപ്പെട്ടുപോയി. അവരുടെ വിജയത്തിനായി അയാള്‍ ഒരിക്കല്‍ക്കൂടി പ്രാര്‍ത്ഥിച്ചു. അയാള്‍ക്ക് സുഖം തോന്നി.
അന്നുവൈകുന്നേരം ക്യാമ്പില്‍ എന്തോ വലിയൊരു ബഹളം കേട്ടപ്പോള്‍ സിറാജുദ്ദീന്‍ അങ്ങോട്ടു ചെന്നു. നാലുപേര്‍ ചേര്‍ന്ന് ഒരു സ്ടെച്ചറില്‍ ഒരു പെണ്‍കുട്ടിയെ ഏറ്റിക്കൊണ്ടുവരുന്നുണ്ടായിരുന്നു. റെയില്‍പാതക്കടുത്ത് ബോധമില്ലാതെ കിടക്കുകയായിരുന്നു ആ പെണ്‍കുട്ടിയെന്ന് അയാളോട് ആരോ പറഞ്ഞു.
അവര്‍ ആ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയശേഷം സ്ഥലംവിട്ടു. കുറച്ചുനേരം അയാള്‍ ആ ആശുപത്രിക്കു പുറത്തെ മരത്തൂണില്‍ ചാരിക്കൊണ്ടുനിന്നു. പിന്നെ അയാള്‍ സാവധാനം ആശുപത്രിക്കകത്തേക്കു നടന്നു. അകത്തെ മുറിയില്‍ ആ സ്ട്രെച്ചറില്‍ മൃതശരീരംപോലൊരു സാധനം കിടക്കുന്നതു അയാള്‍ കണ്ടു. അയാള്‍ അതിനടുത്തേക്ക് പതിയെ നടന്നുചെന്നു.
ആരോ അതിനകത്ത് ലൈറ്റിട്ടു.
ആ മൃതശരീരത്തിന്‍റെ വലത്തേകവിളില്‍ ഒരു കറുത്ത മറുക് തിളങ്ങുന്നത് അയാള്‍ കണ്ടു. അയാള്‍ നിലവിളിച്ചു- "സക്കീന!"
അയാളുടെ നിലവിളികേട്ട് ഓടിയെത്തിയ ഡോക്ടര്‍ അയാളോടു ചോദിച്ചു: "എന്താണ് പ്രശ്‍നം ?"
"ഞാന്‍... ഞാനവളുടെ ബാപ്പയാണ്...." ഉണങ്ങിവരണ്ട തൊണ്ടയില്‍നിന്നും വളരെ പാടുപെട്ടാണ് അയാളാ ശബ്ദം പുറത്തേക്കു തുപ്പിയത്.
സ്ട്രെച്ചറില്‍ കിടക്കുന്ന ശവശരീരത്തില്‍ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന ഡോക്ടര്‍ അതിന്‍റെ നാഡിമിടിപ്പ് പരിശോധിച്ചു. അതിനുശേഷം ഡോക്ടര്‍ അയാളോടു പറഞ്ഞു - "ആ ജനലൊന്ന് തുറക്ക്."
സ്ടെച്ചറില്‍ കിടന്ന ശവശരീരം ചെറുതായൊന്നു അനങ്ങി.
അയാളുടെ പാതി ജീവനറ്റ കൈകള്‍ അരക്കെട്ടിലെ ചരടഴിച്ചു.... സല്‍വാര്‍ അല്പം താഴ്ത്തി.
"അവള്‍ക്ക് ജീവനുണ്ട്, എന്‍റെ കുട്ടിക്കു ജീവനുണ്ട്!" കിഴവന്‍ സിറാജുദ്ദീന്‍ ആഹ്ലാദം കൊണ്ട് അലറിവിളിച്ചു.
ഡോക്ടറുടെ ശരീരത്തിലൂടെ കുളിരാര്‍ന്ന വിയര്‍പ്പൊഴുകി.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ