വായനയെ നിരീക്ഷിക്കുകയാണ്, ബോർഹെസ്
ഷേക്സ്പിയറുടെ ഒരു വരി വായിക്കുമ്പോള്‍ വായനക്കാരന്‍ ഷേക്സ്പിയറായി മാറുന്നു. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും വായിക്കുമ്പോള്‍ നമ്മള്‍ അതിലെ നായകന്‍റെ രൂപം ധരിക്കുന്നു. ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും വായിക്കുന്നവന്‍ റാസ്കല്‍ നിക്കോഫ് ആയി വേഷപ്രച്ഛന്നം ചെയ്യുന്നു. ഇതാണ് വായനയുടെ മനശ്ശാസ്ത്രമെന്ന് ബോര്‍ഹെസ്. എഴുത്തുകാരന്‍ വായനക്കാരന്‍റെ പ്രജ്ഞയെ അധിനിവേശിക്കുന്നു. വായനക്കാരന്‍ അവന്‍റെ സ്വത്വത്തില്‍ നിന്ന് മോചിതനാകുന്നു. സംഭോഗത്തിന്‍റെ ആനന്ദമൂര്‍ച്ഛ നല്‍കുന്ന നിര്‍വ്വാണഘട്ടത്തില്‍ മനുഷ്യരെല്ലാം ഒരുപോലെയാണെന്ന് ബോര്‍ഹെസ് ഫിക്ഷന്‍സ് എന്ന കൃതിയില്‍ പറയുന്നു. പൊതുവേ ബോര്‍ഹെസ് കൃതികളില്‍ പ്രകടമായി പ്രത്യക്ഷപ്പെടാത്ത ലൈംഗികത ഇവിടെ നമ്മുടെ സമൂഹത്തിന്‍റെ മുഖപടം വലിച്ചെറിയുന്നു. നമ്മള്‍ ആദവും ഹവ്വയുമായി തീരുന്നു. ഷേക്സ്പിയറുടെ വരികള്‍ ഉദ്ധരിക്കുന്നവര്‍ ഷേക്സ്പിയറായി തീരവേ ഷേക്സ്പിയര്‍ ആരുമല്ലാതായിത്തീരുന്നു. യഥാര്‍ത്ഥത്തില്‍ ആരും ആരുമല്ല. ആര്‍ക്കും ആരുമായിത്തീരാം. ഏതു സമയത്തും അങ്ങനെ ആയിത്തീരാം. ഇത് ബോര്‍ഹെസ് സ്ഥാപിച്ച സിദ്ധാന്തമാണ്. താനാരാണെന്ന് ഒരാള്‍ക്കുമറിയില്ല. ആരും ആരുമല്ല എന്നാണ് സിറ്റിസണ്‍ കെയിന്‍ എന്ന വിഖ്യാത ഓര്‍സണ്‍ വെല്‍സ് സിനിമയെക്കുറിച്ച് നിരൂപിക്കുന്നതിനിടെ ബോര്‍ഹെസ് പരാമര്‍ശിച്ചത്. വായനയും സംയോഗവും നടക്കുന്നേരം നമ്മള്‍ നമ്മുടെ അനാമികമായ അജ്ഞാതമായ സ്വത്വത്തിലേക്ക് അലിഞ്ഞുപോകുന്നു. ബോര്‍ഹെസ് നിരൂപിച്ച വായനയുടെ മാനസികപ്രക്രിയ.
ഒരു കഥാപാത്രം എങ്ങനെ പൊടുന്നനെ തന്‍റെ എതിരാളിയാകുന്നുവെന്ന് പറയുന്ന ബോര്‍ഹെസ് എങ്ങനെ വായനക്കാരന്‍ ഒരു കഥാപാത്രമാകുന്നുവെന്നു കണ്ടെത്തുന്നു. ധര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ (The theologists) എന്ന കഥയാകട്ടെ അതിനുള്ള ഉദാഹരണം. ഈ കഥ അവസാനിക്കുന്നത് സ്വര്‍ഗ്ഗത്തിലാണ്. അവിടെ ദൈവത്തിന് ധര്‍മ്മശാസ്ത്രകലഹങ്ങളെ അവഗണിക്കാനാവുന്നില്ല. അവിടെ ഓറീലിയന്‍ എന്ന കഥാപാത്രവും അയാളുടെ ശത്രു ജോണും ആശയക്കുഴപ്പത്തിലകപ്പെടുന്നു. പ്രതിഷ്ഠയുടെ ആഴമളക്കാനാവാത്ത ദൃഷ്ടികളില്‍ താനും ജോണും ഒരൊറ്റ മനുഷ്യന്‍തന്നെയെന്ന് ഓറീലിയന്‍ തിരിച്ചറിയുന്നു. പ്രകടമായ എല്ലാ ഭിന്നതകള്‍ക്കുമപ്പുറം മനുഷ്യന്‍ ഒരൊറ്റ വ്യക്തിയാണെന്ന്, അഥവാ അവനാരുമല്ലെന്ന് ബോര്‍ഹെസ് നിര്‍വ്വചിക്കുന്നു. സാഹിത്യമെല്ലാംതന്നെ രചിക്കപ്പെടുന്നത് അനേകനാമികളായ വ്യക്തികളാലാണെന്ന്, മനുഷ്യാത്മാവെന്ന ശക്തിയാലാണെന്ന് ബോര്‍ഹെസ് നിരീക്ഷിക്കുന്നു. ഇതിന് പോള്‍ വലേറിയെ ബോര്‍ഹെസ് കൂട്ടുപിടിക്കുന്നു. വായനക്കാരനെപ്പോലെ എഴുത്തുകാരനും അനാമിയാണെന്ന്, അജ്ഞാതനാണെന്ന് ബോര്‍ഹെസ് വിശ്വസിക്കുന്നു. വായനക്കാരും എഴുത്തുകാരും വാക്കുകളായി പരിണമിക്കുന്നു. അത് വ്യക്തിരൂപത്തെ നിഷേധിക്കുന്നു. ഭാഷയാണ് നമ്മെ എഴുതുന്നത്, നമ്മുടെ സവിശേഷതയെ അത് തിരസ്കരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ