ഷേക്സ്പിയർ ആൻഡ് കമ്പനി
ഇംഗ്ലീഷിൽ വലിയ വെളുത്ത അക്ഷരങ്ങളിൽ ഷേക്സ്പിയർ ആൻഡ് കമ്പനി എന്നെഴുതിയത് ഹെമിങ്‌വേ യുടെ കണ്ണിൽ പെട്ടു .കഴിഞ്ഞ മൂന്ന് ദിവസമായി അയാൾ അത് അന്വേഷിച്ചു നടക്കുന്നു.ഗെർട്രൂഡ് പറഞ്ഞപ്പോൾ ഇത്ര വലിയ സ്ഥാപനമാണിതെന്ന് അയാൾ വിചാരിച്ചില്ല .
ഗോവണിയുടെ ആദ്യത്തെ പടി തന്നെ അതിന്റെ പഴക്കം സൂചിപ്പിച്ചുകൊണ്ട് ശബ്ദിച്ചു .പഴയ മരപ്പലകയും ഇരുമ്പാണിയും ചേർന്നുകൊണ്ട് കരയുന്ന ശബ്ദം ഓരോ പടി കയറുമ്പോളും അയാളെ അനുഗമിച്ചു .ഏറ്റവും മുകളിലെ പടിയിലെത്തിയപ്പോൾ അയാൾ അകത്തേക്ക് നോക്കി .പുസ്തകങ്ങൾ നിറച്ച അലമാരികളുടെ പാർശ്വ ദൃശ്യം അയാൾ കണ്ടു .
അകത്തേക്ക് കടന്നു ചെന്നപ്പോൾ വലതുവശത്ത് ഏറ്റവും അറ്റത്തുള്ള ഡെസ്കിനു പിന്നിൽ ഇരിക്കുന്ന സ്ത്രീയെ അയാൾ കണ്ടു .ഇതായിരിക്കും സിൽവിന ;ഗെർട്രൂഡ് പറഞ്ഞ സ്ത്രീ .
"ബിയൻ വെ നു മോൻ അമി ") (welcome my friend) " എഴുന്നേറ്റ് നിന്നുകൊണ്ട് അവൾ പറഞ്ഞു
"മേഴ്‌സി(thanks ) " അയാൾ പ്രതിവചിച്ചു
"ഞാൻ ഏണെസ്റ് ഹെമിങ്‌വേ .ഗെർട്രൂഡ് സ്റ്റെയിൻ പറഞ്ഞിട്ട് വരുവന്നതാണ് .സിൽവിയ :?"
"സിൽവിയ ഞാൻ തന്നെ , ഗെർട്രൂഡ് സൂചിപ്പിച്ചിരുന്നു , നിങ്ങൾ വരുമെന്ന്."
അവൾ പുഞ്ചിരിച്ചു.
"നിങ്ങൾ കഥകൾ എഴുതിയിട്ടുണ്ടെന്ന് ഗെർട്രൂഡ് പറഞ്ഞു " പരിചയം കൂടുതൽ വ്യക്തമാക്കുന്ന മട്ടിൽ അവൾ തുടർന്നു.
"ഉണ്ട് .അത് കൻസാസ് സിറ്റി സ്റ്റാർ പുസ്തകമാക്കാമെന്ന് പറഞ്ഞിട്ടുണ്ട്" .അയാൾ പറഞ്ഞു
ജിനിയേലെ ! (great) അവൾ അനുമോദിച്ചു
"എനിക്ക് കുറച്ചു പുസ്തകങ്ങൾ വായിക്കാൻ വേണം ."അയാൾ കാര്യം പറഞ്ഞു
"ശരി"
"പക്ഷെ,എൻറെ കയ്യിൽ ഇപ്പോൾ പണം തരാനില്ല "
സിൽവിന പുഞ്ചിരിച്ചു .ഇപ്പോഴാണ് അവൾ സുന്ദരിയാണെന്ന വസ്തുത ഹെമിങ്‌വെ ചിന്തിച്ചത് .പുഞ്ചിരി മായ്ക്കാതെ രണ്ടുമൂന്ന് നിമിഷങ്ങളുടെ ഇടവേളക്കുശേഷം അവൾ പറഞ്ഞു .
"നിങ്ങൾ ആവശ്യമുള്ള പുസ്തകങ്ങൾ എടുത്തുകൊള്ളൂ .വായിച്ചു തിരികെ കൊണ്ട് വരുമ്പോൾ രെജിസ്ട്രേഷൻ ഫീയും പുസ്തകങ്ങളുടെ വാടകയും തന്നാൽ മതി ."
ഇത് പറയുമ്പോഴും അവൾ പുഞ്ചിരി മായ്ച്ചില്ല.
ദസ്തയേവ്സ്കിയുടെ വെളുത്ത രാത്രികൾ അടങ്ങുന്ന കഥാസമാഹാരവും ടോൾസ്റ്റോയിയുടെ അന്നകരെനീനയും അയാൾ എടുത്തു .
കോൺസ്റ്റന്റ് ഗാർനെറ്റിന്റെ പരിഭാഷയായിരുന്നു അയാൾക്കിഷ്ടം. അതിനാൽ അത് പ്രത്യേകം മനസ്സിൽ വെച്ചുകൊണ്ടാണ് അയാൾ പുസ്തകങ്ങൾ തിരഞ്ഞത് .
"പുതിയ പുസ്തകങ്ങൾ ഏതെങ്കിലും ?"
അയാൾ ചോദിച്ചു.
അതിനു മറുപടിയായി അവൾ രണ്ടു പുതിയ പുസ്തകങ്ങൾ താഴെയുള്ള മേശപ്പുറത്തുനിന്നെടുത്ത് അയാളുടെ മുന്നിലേക്ക് നീക്കിവെച്ചു .മിഖയിൽ ബുൾഗാക്കോവ് .ഷെർവുഡ് ആൻഡേഴ്സൺ ഈ റഷ്യക്കാരന്റെ പേര് ഒരിക്കൽ പറഞ്ഞത് അയാൾ ഓർത്തു .ഹാർട്ട് ഓഫ് എ ഡോഗ് . അയാൾ പുസ്തകത്തിന്റെ പേര് നിശ്ശബ്ദം വായിച്ചു.
"ഞാൻ ചോദിച്ചെന്നേയുള്ളു .ഈ രണ്ടു പുസ്തകങ്ങൾ വായിചു തിരിച്ചു തരുമ്പോൾ അത് എടുക്കാം"
.അയാൾ പറഞ്ഞു .
"പുസ്തകങ്ങൾ സാവകാശം വായിച്ചു തിരിച്ചു തന്നാൽ മതി .വാടക മുൻകൂർ തരാത്തതുകൊണ്ട് തിടുക്കപ്പെട്ട് വായിച്ചു മടക്കിത്തരേണ്ട."സിൽവിയ സുന്ദരി പറഞ്ഞു .
പുസ്തകങ്ങൾ രജിസ്റ്റർ ചെയ്തശേഷം അതിൽ ഒപ്പിടാൻ അവൾ
ഹെമിങ്‌വേയുടെ മുന്നിലേക്ക്നീക്കിവെച്ചു .അതിലുണ്ടായിരുന്ന പെൻസിൽ കൊണ്ട് അയാൾ അതിൽ ഒപ്പിട്ടു.
പുസ്തകങ്ങളെടുത്തു മടങ്ങാൻ നേരം അയാൾ ഒന്ന് ശങ്കിച്ചു .പിന്നെ അവളുടെ മുഖത്തേക്ക് നോക്കി അല്പം സന്ദേഹത്തോടെ അയാൾ ചോദിച്ചു .
"ജോയ്‌സ് ഇവിടെ വരാറുണ്ടെന്ന് പറഞ്ഞുകേട്ടു, എപ്പോഴാണ് അയാൾ വരാറുള്ളത് ."
"വൈകുന്നേരം ആറുമണിയാകുമ്പോളാണ് പതിവ് .
"അപ്പോൾ ഈ ലൈബ്രറി അടക്കുന്നതെപ്പോൾ ?" അയാളുടെ ചോദ്യത്തിനോട്
അവൾ പുഞ്ചിരിച്ചു .
"അടപ്പു സമയം എട്ടുമണിയാണ് .ചിലപ്പോൾ ജോയ്സും കൂട്ടുകാരും തമ്മിലുള്ള സംവാദം നീണ്ടുപോയാൽ അത്രയും നേരം തുറന്നിരിക്കും." പിന്നെ ചെറിയൊരു ഇടവേളക്കുശേഷം അവൾ കൂട്ടിച്ചേർത്തു "നിങ്ങൾ അന്വേഷിച്ചുവെന്ന് ഞാൻ ജോയ്സിനോട് പറയാം . "
"മേഴ്‌സി "
അയാൾ അവൾക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞശേഷം പുസ്തകങ്ങളുമായി പുറത്തേക്കിറങ്ങി .
അയാൾ ഇറങ്ങുമ്പോൾ ഗോവണിപ്പടികൾ വീണ്ടും കരഞ്ഞു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ