2021 ജൂലൈ 15, വ്യാഴാഴ്‌ച

കർദിനാളിന്റെ ഓഫീസ്

 പാരീസിൽ ഇനി തുടരുന്നതിൽ അർത്ഥമില്ലെന്ന് ഫിയോഡോറിന് തോന്നി .പോളിന അതിനു വിരോധം പറഞ്ഞില്ല .  ഇറ്റലിയിലെ നഗരകാഴ്ചകൾ കണ്ടശേഷം സെൻപീറ്റേർസ് ബെർഗിലേക്ക്    മടങ്ങാമെന്ന് പോളിന പറഞ്ഞു .അവൾക്ക് നേപ്പിൾസും ജനോവയുമൊക്കെ പ്രിയപ്പെട്ട സ്ഥലങ്ങളായിരുന്നു .


അന്നേരം  ഫിയാഡോർ മനസ്സിലിരിപ്പ് പുറത്തുവിട്ടു .ബേദൻ ബേദനിൽ പോയി ഒരു വട്ടം റൂലെറ്റ്  കളിക്കണം . ചിലപ്പോൾ കുറച്ചധികം ഫ്രാങ്ക്  കയ്യിൽ കിട്ടിയേക്കാം     അവിടെനിന്ന് ജനീവ വഴി ഇറ്റലിയിലേക്ക് പോകാം, അവിടേക്കുള്ള തീവണ്ടിയാത്ര  രസകരമായിരിക്കും .


ഇറ്റലിയിലേക്കുള്ള വിസ നൽകുന്നത് പുണ്യവാനായ കർദിനാളാണ് .

വിസ ലഭിക്കുന്നതിനായി അവർ കർദിനാളിൻറെ ഓഫീസിലെത്തി .കർദിനാളിന്റെ ഓഫീസിനു മുന്നിൽ കുതിരവണ്ടി നിർത്തുമ്പോൾ പോളിന പറഞ്ഞു


"ഇവിടെ നിന്ന് വിസ ലഭിക്കാൻ താമസമുണ്ടാവില്ലെന്നാണ്   ലോഡ്ജ് മാനേജർ പറഞ്ഞത്  ."


കർദിനാൾ ഓഫീസിന്റെ മുൻവശത്ത് ഒരു വിശാലമായ പൂമുഖം. അവിടെ ഒരു തടിയൻ പാതിരി ഇരിപ്പുണ്ട് .കടന്നൽ കുത്തേറ്റ  പോലെ വീർത്തിരിക്കുന്നു അയാളുടെ മുഖം .അടുത്തേക്ക് ചെന്നപ്പോൾ അത് അയാളുടെ സ്ഥായീഭാവമാണെന്ന് തിരിച്ചറിയാൻ  ഫിയോഡോറിന് ക്ലേശിക്കേണ്ടിവന്നില്ല.


 വിസക്കുവേണ്ടിവന്നവരാണെന്ന് പറഞ്ഞപ്പോൾ മുഖമുയർത്താതെ പാതിരി പറഞ്ഞു, 

"കുറച്ചുനേരം കാത്തിരിക്കണം ."


അവിടെയിട്ടിരുന്ന ഇരുമ്പു ബെഞ്ചിൽ അവർ ഇരുന്നു . സമീപമുള്ള മേശപ്പുറത്തു ഫ്രഞ്ച് മാസികകൾ    അടുക്കും ചിട്ടയുമില്ലാതെ കി ടപ്പുണ്ടായിരുന്നു  .ഫിയോഡോർ അതിലൊരെണ്ണമെടുത്തു മറിച്ചുനോക്കി .പോളിനായും അയാളെ അനുകരിച്ചു .അതിനിടയിൽ പല സന്ദർശകരും മുകളിൽ കർദിനാൾ ഇരിക്കുന്ന മുറിയിൽ പോയി ഇറങ്ങിവരുന്നത് പോളിന കണ്ടു .അവൾ ഫിയോഡോറിനെ തോണ്ടിവിളിച്ചു കാര്യം അവതരിപ്പിച്ചു .അവൾ അത് പറഞ്ഞുകൊണ്ടിരിക്കെ ഒരു ജർമ്മൻ യുവതി മുകളിലേക്ക് കയറിപ്പോയി. 


"ഞങ്ങൾ വിസക്ക് വേണ്ടിയാണ് വന്നിട്ടുള്ളത്"


ഫിയോഡോർ മോന്ത വീർത്ത കാവൽ പാതിരിയുടെ അടുത്ത് ചെന്ന് ബോധിപ്പിച്ചു .


"കാത്തിരിക്കൂ",

 പാതിരി പിറുപിറുത്തു .


ഫിയോഡോർ തിരികെ പോളിനയുടെ അടുത്ത് വന്നിരുന്നു.പോളിന ഒരു മാസിക മറിച്ചുനോക്കികൊണ്ടിരുന്നു .

അയാൾ പുറത്തെ തെരുവിലേക്ക് നോക്കികൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയും പുരുഷനും കയറി വന്നു. അവരെ കണ്ടപ്പോൾ പാതിരി  നേരിയ പുഞ്ചിരി വരുത്തി .ആഗതർ  മുകളിലേക്ക് കോണി കയറിപ്പോയി .


 ഏറെ നേരം പിന്നിട്ടിട്ടും  പാതിരി അവരെ അവഗണിച്ചു . .   ഫിയോഡോർ  ക്ഷമയുടെ അറ്റം  കാണാൻ  തുടങ്ങിയിരുന്നു .അയാൾ എഴുന്നേറ്റ് പാതിരിയുടെ അടുത്തേക്ക് ചെന്നു .ചെറിയ കിതപ്പോടെ അയാൾ പറയാൻ തുടങ്ങി .


"നോക്കു ,അനേകം ആളുകൾ മോണ്സിഞ്ഞോറിനെ കാണാനായി മുകളിലേക്ക് പോകുന്നതും താഴേക്കിറങ്ങി വരുന്നതും ഞങ്ങൾ കാണുന്നുണ്ട്  .ഞങ്ങൾ വിസക്ക് വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നത് .ഞങ്ങളുടെ കാര്യം പരിഹരിക്കാനും അദ്ദേഹം സമയം കണ്ടെത്തണം ."


പാതിരിക്ക് ദേഷ്യം വന്നു .സ്വതവേ വീർത്ത അയാളുടെ മോന്ത മങ്ങി .


"ഓഹോ ,അപ്പോൾ നിങ്ങളെ സ്വീകരിക്കുവാനായി മോൺസിഞ്ഞോർ അദ്ദേഹത്തിന്റെ കാപ്പികുടി വേണ്ടെന്നു വെക്കണോ ?"


തടിയൻ പാതിരിയുടെ  ചോദ്യം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫിയോഡോർ അലറി 


"വേണ്ടിവന്നാൽ ഞാൻ നിങ്ങളുടെ മോണ്സിഞ്ഞോറിൻറെ  കാപ്പിക്കപ്പിൽ തുപ്പും. .ഞങ്ങളുടെ വിസ ഉടൻ ശരിയാക്കിയില്ലെങ്കിൽ  ഞാൻ കോവണി കയറും ."


"എന്ത്? കർദിനാളിന്റെ മുറിയിൽ അതിക്രമിച്ചു കയറുമെന്നോ ? എങ്കിൽ അതൊന്നു കാണണം "

പാതിരി ക്ഷുഭിതനായി കോണിപ്പടിക്കു മുന്നിൽ കുതിച്ചെത്തി ഫിയോഡോറിനെ തടയാനെന്ന മട്ടിൽ കൈകൾ വിരിച്ചുനിന്നു .അയാളുടെ ശരീരം കോണിയുടെ വീതിക്കു പാകം .


"ഞാൻ ദൈവദോഷിയാണ് കിരാതനാണ് .അകത്തിരിക്കുന്നത് കർദിനാൾ ആണെന്ന ഭയമൊന്നും എനിക്കില്ല."


ഇത്തവണ ഫിയോഡോറിന്റെ  ശബ്ദം തെരുവിലേക്ക് ചെന്നിട്ടുണ്ടാകുമെന്ന് പോളിനക്ക് തോന്നി.


പാതിരി  അമ്പരന്നുപോയി .അയാളുടെ ശരീരത്തിന് ചെറിയ വിറയൽ ഉള്ളതായി പോളിനക്ക് തോന്നി .അയാൾ വെറുപ്പോടെ ഫിയോഡോറിനെ നോക്കി. ഫിയോഡോറിന്റെ പക്കലുണ്ടായിരുന്ന രണ്ടു പാസ്‌പോർട്ടുകളും കയ്യിൽ വാങ്ങിച്ചുകൊണ്ട്   ആ തടിയൻ പാതിരി കോണിപ്പടികളിൽ അമർത്തിച്ചവിട്ടി മുകളിലേക്ക് കയറിപ്പോയി .


രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ ഇറ്റലിയിലേക്കുള്ള  അവരുടെ വിസ   റെഡിയായി.

അഭിപ്രായങ്ങളൊന്നുമില്ല: